تَنزِیلُ ٱلۡكِتَـٰبِ مِنَ ٱللَّهِ ٱلۡعَزِیزِ ٱلۡحَكِیمِ ﴿١﴾
ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
إِنَّاۤ أَنزَلۡنَاۤ إِلَیۡكَ ٱلۡكِتَـٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصࣰا لَّهُ ٱلدِّینَ ﴿٢﴾
തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക.
أَلَا لِلَّهِ ٱلدِّینُ ٱلۡخَالِصُۚ وَٱلَّذِینَ ٱتَّخَذُواْ مِن دُونِهِۦۤ أَوۡلِیَاۤءَ مَا نَعۡبُدُهُمۡ إِلَّا لِیُقَرِّبُونَاۤ إِلَى ٱللَّهِ زُلۡفَىٰۤ إِنَّ ٱللَّهَ یَحۡكُمُ بَیۡنَهُمۡ فِی مَا هُمۡ فِیهِ یَخۡتَلِفُونَۗ إِنَّ ٱللَّهَ لَا یَهۡدِی مَنۡ هُوَ كَـٰذِبࣱ كَفَّارࣱ ﴿٣﴾
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
لَّوۡ أَرَادَ ٱللَّهُ أَن یَتَّخِذَ وَلَدࣰا لَّٱصۡطَفَىٰ مِمَّا یَخۡلُقُ مَا یَشَاۤءُۚ سُبۡحَـٰنَهُۥۖ هُوَ ٱللَّهُ ٱلۡوَ ٰحِدُ ٱلۡقَهَّارُ ﴿٤﴾
ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍.
خَلَقَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ یُكَوِّرُ ٱلَّیۡلَ عَلَى ٱلنَّهَارِ وَیُكَوِّرُ ٱلنَّهَارَ عَلَى ٱلَّیۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلࣱّ یَجۡرِی لِأَجَلࣲ مُّسَمًّىۗ أَلَا هُوَ ٱلۡعَزِیزُ ٱلۡغَفَّـٰرُ ﴿٥﴾
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.
خَلَقَكُم مِّن نَّفۡسࣲ وَ ٰحِدَةࣲ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَـٰمِ ثَمَـٰنِیَةَ أَزۡوَ ٰجࣲۚ یَخۡلُقُكُمۡ فِی بُطُونِ أُمَّهَـٰتِكُمۡ خَلۡقࣰا مِّنۢ بَعۡدِ خَلۡقࣲ فِی ظُلُمَـٰتࣲ ثَلَـٰثࣲۚ ذَ ٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَاۤ إِلَـٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ ﴿٦﴾
ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് അതിന്‍റെ ഇണയെയും അവന്‍ ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടു ജോഡികളെയും അവന്‍ നിങ്ങള്‍ക്ക് ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന് തരം അന്ധകാരങ്ങള്‍ക്കുള്ളില്‍(1) സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?
إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِیٌّ عَنكُمۡۖ وَلَا یَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ یَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةࣱ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَیُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِیمُۢ بِذَاتِ ٱلصُّدُورِ ﴿٧﴾
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്‍റെ ദാസന്‍മാര്‍ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ വിവരം അറിയിക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
۞ وَإِذَا مَسَّ ٱلۡإِنسَـٰنَ ضُرࣱّ دَعَا رَبَّهُۥ مُنِیبًا إِلَیۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةࣰ مِّنۡهُ نَسِیَ مَا كَانَ یَدۡعُوۤاْ إِلَیۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادࣰا لِّیُضِلَّ عَن سَبِیلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِیلًا إِنَّكَ مِنۡ أَصۡحَـٰبِ ٱلنَّارِ ﴿٨﴾
മനുഷ്യന് വല്ല വിഷമവും ബാധിച്ചാല്‍ അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കും. എന്നിട്ട് തന്‍റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന്‍ മറന്നുപോകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിച്ച് കളയുവാന്‍ വേണ്ടി അവന്ന് സമന്‍മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്‍പകാലം നിന്‍റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.
أَمَّنۡ هُوَ قَـٰنِتٌ ءَانَاۤءَ ٱلَّیۡلِ سَاجِدࣰا وَقَاۤىِٕمࣰا یَحۡذَرُ ٱلۡـَٔاخِرَةَ وَیَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ یَسۡتَوِی ٱلَّذِینَ یَعۡلَمُونَ وَٱلَّذِینَ لَا یَعۡلَمُونَۗ إِنَّمَا یَتَذَكَّرُ أُوْلُواْ ٱلۡأَلۡبَـٰبِ ﴿٩﴾
അതല്ല, പരലോകത്തെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.
قُلۡ یَـٰعِبَادِ ٱلَّذِینَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِینَ أَحۡسَنُواْ فِی هَـٰذِهِ ٱلدُّنۡیَا حَسَنَةࣱۗ وَأَرۡضُ ٱللَّهِ وَ ٰسِعَةٌۗ إِنَّمَا یُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَیۡرِ حِسَابࣲ ﴿١٠﴾
പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്.
قُلۡ إِنِّیۤ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصࣰا لَّهُ ٱلدِّینَ ﴿١١﴾
പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്.
وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِینَ ﴿١٢﴾
ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.
قُلۡ إِنِّیۤ أَخَافُ إِنۡ عَصَیۡتُ رَبِّی عَذَابَ یَوۡمٍ عَظِیمࣲ ﴿١٣﴾
പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ പേടിക്കുന്നു.
قُلِ ٱللَّهَ أَعۡبُدُ مُخۡلِصࣰا لَّهُۥ دِینِی ﴿١٤﴾
പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്; എന്‍റെ കീഴ്‌വണക്കം അവന്ന് നിഷ്കളങ്കമാക്കിക്കൊണ്ട്.
فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَـٰسِرِینَ ٱلَّذِینَ خَسِرُوۤاْ أَنفُسَهُمۡ وَأَهۡلِیهِمۡ یَوۡمَ ٱلۡقِیَـٰمَةِۗ أَلَا ذَ ٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِینُ ﴿١٥﴾
എന്നാല്‍ നിങ്ങള്‍ അവന്നു പുറമെ നിങ്ങള്‍ ഉദ്ദേശിച്ചതിന് ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം.
لَهُم مِّن فَوۡقِهِمۡ ظُلَلࣱ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلࣱۚ ذَ ٰلِكَ یُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ یَـٰعِبَادِ فَٱتَّقُونِ ﴿١٦﴾
അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തീയിന്‍റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.
وَٱلَّذِینَ ٱجۡتَنَبُواْ ٱلطَّـٰغُوتَ أَن یَعۡبُدُوهَا وَأَنَابُوۤاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ ﴿١٧﴾
ത്വാഗൂത്തിനെ (അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവയെ) -അതിനെ ആരാധിക്കുന്നത്- വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
ٱلَّذِینَ یَسۡتَمِعُونَ ٱلۡقَوۡلَ فَیَتَّبِعُونَ أَحۡسَنَهُۥۤۚ أُوْلَـٰۤىِٕكَ ٱلَّذِینَ هَدَىٰهُمُ ٱللَّهُۖ وَأُوْلَـٰۤىِٕكَ هُمۡ أُوْلُواْ ٱلۡأَلۡبَـٰبِ ﴿١٨﴾
അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.
أَفَمَنۡ حَقَّ عَلَیۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِی ٱلنَّارِ ﴿١٩﴾
അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ?(2)
لَـٰكِنِ ٱلَّذِینَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفࣱ مِّن فَوۡقِهَا غُرَفࣱ مَّبۡنِیَّةࣱ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُۖ وَعۡدَ ٱللَّهِ لَا یُخۡلِفُ ٱللَّهُ ٱلۡمِیعَادَ ﴿٢٠﴾
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَاۤءِ مَاۤءࣰ فَسَلَكَهُۥ یَنَـٰبِیعَ فِی ٱلۡأَرۡضِ ثُمَّ یُخۡرِجُ بِهِۦ زَرۡعࣰا مُّخۡتَلِفًا أَلۡوَ ٰنُهُۥ ثُمَّ یَهِیجُ فَتَرَىٰهُ مُصۡفَرࣰّا ثُمَّ یَجۡعَلُهُۥ حُطَـٰمًاۚ إِنَّ فِی ذَ ٰلِكَ لَذِكۡرَىٰ لِأُوْلِی ٱلۡأَلۡبَـٰبِ ﴿٢١﴾
നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉത്ബോധനമുണ്ട്.
أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَـٰمِ فَهُوَ عَلَىٰ نُورࣲ مِّن رَّبِّهِۦۚ فَوَیۡلࣱ لِّلۡقَـٰسِیَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَـٰۤىِٕكَ فِی ضَلَـٰلࣲ مُّبِینٍ ﴿٢٢﴾
അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.
ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِیثِ كِتَـٰبࣰا مُّتَشَـٰبِهࣰا مَّثَانِیَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِینَ یَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِینُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَ ٰلِكَ هُدَى ٱللَّهِ یَهۡدِی بِهِۦ مَن یَشَاۤءُۚ وَمَن یُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ ﴿٢٣﴾
അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.
أَفَمَن یَتَّقِی بِوَجۡهِهِۦ سُوۤءَ ٱلۡعَذَابِ یَوۡمَ ٱلۡقِیَـٰمَةِۚ وَقِیلَ لِلظَّـٰلِمِینَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ ﴿٢٤﴾
എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാള്‍ (അന്ന് നിര്‍ഭയനായിരിക്കുന്നവനെപ്പോലെ ആകുമോ?) നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും.
كَذَّبَ ٱلَّذِینَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَیۡثُ لَا یَشۡعُرُونَ ﴿٢٥﴾
അവര്‍ക്ക് മുമ്പുള്ളവരും (സത്യത്തെ) നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്തുകൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി.
فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡیَ فِی ٱلۡحَیَوٰةِ ٱلدُّنۡیَاۖ وَلَعَذَابُ ٱلۡـَٔاخِرَةِ أَكۡبَرُۚ لَوۡ كَانُواْ یَعۡلَمُونَ ﴿٢٦﴾
അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്. അവര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍!
وَلَقَدۡ ضَرَبۡنَا لِلنَّاسِ فِی هَـٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلࣲ لَّعَلَّهُمۡ یَتَذَكَّرُونَ ﴿٢٧﴾
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.
قُرۡءَانًا عَرَبِیًّا غَیۡرَ ذِی عِوَجࣲ لَّعَلَّهُمۡ یَتَّقُونَ ﴿٢٨﴾
അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി.
ضَرَبَ ٱللَّهُ مَثَلࣰا رَّجُلࣰا فِیهِ شُرَكَاۤءُ مُتَشَـٰكِسُونَ وَرَجُلࣰا سَلَمࣰا لِّرَجُلٍ هَلۡ یَسۡتَوِیَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا یَعۡلَمُونَ ﴿٢٩﴾
അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.(3)
إِنَّكَ مَیِّتࣱ وَإِنَّهُم مَّیِّتُونَ ﴿٣٠﴾
തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.
ثُمَّ إِنَّكُمۡ یَوۡمَ ٱلۡقِیَـٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ ﴿٣١﴾
പിന്നീട് നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ച് വഴക്ക് കൂടുന്നതാണ്.
۞ فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَاۤءَهُۥۤۚ أَلَیۡسَ فِی جَهَنَّمَ مَثۡوࣰى لِّلۡكَـٰفِرِینَ ﴿٣٢﴾
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം?
وَٱلَّذِی جَاۤءَ بِٱلصِّدۡقِ وَصَدَّقَ بِهِۦۤ أُوْلَـٰۤىِٕكَ هُمُ ٱلۡمُتَّقُونَ ﴿٣٣﴾
സത്യവും കൊണ്ട് വരുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍.
لَهُم مَّا یَشَاۤءُونَ عِندَ رَبِّهِمۡۚ ذَ ٰلِكَ جَزَاۤءُ ٱلۡمُحۡسِنِینَ ﴿٣٤﴾
അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം.
لِیُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِی عَمِلُواْ وَیَجۡزِیَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِی كَانُواْ یَعۡمَلُونَ ﴿٣٥﴾
അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും.
أَلَیۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَیُخَوِّفُونَكَ بِٱلَّذِینَ مِن دُونِهِۦۚ وَمَن یُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادࣲ ﴿٣٦﴾
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ?(4) അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
وَمَن یَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَیۡسَ ٱللَّهُ بِعَزِیزࣲ ذِی ٱنتِقَامࣲ ﴿٣٧﴾
വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?
وَلَىِٕن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَ لَیَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَیۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِیَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَـٰشِفَـٰتُ ضُرِّهِۦۤ أَوۡ أَرَادَنِی بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَـٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِیَ ٱللَّهُۖ عَلَیۡهِ یَتَوَكَّلُ ٱلۡمُتَوَكِّلُونَ ﴿٣٨﴾
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്.(5) നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.
قُلۡ یَـٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّی عَـٰمِلࣱۖ فَسَوۡفَ تَعۡلَمُونَ ﴿٣٩﴾
പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക് അറിയുമാറാകും;
مَن یَأۡتِیهِ عَذَابࣱ یُخۡزِیهِ وَیَحِلُّ عَلَیۡهِ عَذَابࣱ مُّقِیمٌ ﴿٤٠﴾
അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്.
إِنَّاۤ أَنزَلۡنَا عَلَیۡكَ ٱلۡكِتَـٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا یَضِلُّ عَلَیۡهَاۖ وَمَاۤ أَنتَ عَلَیۡهِم بِوَكِیلٍ ﴿٤١﴾
തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന്‍ വഴിപിഴച്ചു പോകുന്നതിന്‍റെ ദോഷവും അവന് തന്നെ. നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.
ٱللَّهُ یَتَوَفَّى ٱلۡأَنفُسَ حِینَ مَوۡتِهَا وَٱلَّتِی لَمۡ تَمُتۡ فِی مَنَامِهَاۖ فَیُمۡسِكُ ٱلَّتِی قَضَىٰ عَلَیۡهَا ٱلۡمَوۡتَ وَیُرۡسِلُ ٱلۡأُخۡرَىٰۤ إِلَىٰۤ أَجَلࣲ مُّسَمًّىۚ إِنَّ فِی ذَ ٰلِكَ لَـَٔایَـٰتࣲ لِّقَوۡمࣲ یَتَفَكَّرُونَ ﴿٤٢﴾
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَاۤءَۚ قُلۡ أَوَلَوۡ كَانُواْ لَا یَمۡلِكُونَ شَیۡـࣰٔا وَلَا یَعۡقِلُونَ ﴿٤٣﴾
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?)
قُل لِّلَّهِ ٱلشَّفَـٰعَةُ جَمِیعࣰاۖ لَّهُۥ مُلۡكُ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۖ ثُمَّ إِلَیۡهِ تُرۡجَعُونَ ﴿٤٤﴾
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍.(6) അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِینَ لَا یُؤۡمِنُونَ بِٱلۡـَٔاخِرَةِۖ وَإِذَا ذُكِرَ ٱلَّذِینَ مِن دُونِهِۦۤ إِذَا هُمۡ یَسۡتَبۡشِرُونَ ﴿٤٥﴾
അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്.(7) അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِ عَـٰلِمَ ٱلۡغَیۡبِ وَٱلشَّهَـٰدَةِ أَنتَ تَحۡكُمُ بَیۡنَ عِبَادِكَ فِی مَا كَانُواْ فِیهِ یَخۡتَلِفُونَ ﴿٤٦﴾
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ് വിധികല്‍പിക്കുന്നത്.
وَلَوۡ أَنَّ لِلَّذِینَ ظَلَمُواْ مَا فِی ٱلۡأَرۡضِ جَمِیعࣰا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوۤءِ ٱلۡعَذَابِ یَوۡمَ ٱلۡقِیَـٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ یَكُونُواْ یَحۡتَسِبُونَ ﴿٤٧﴾
ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവര്‍ത്തിച്ചവരുടെ അധീനത്തില്‍ ഉണ്ടായിരുന്നാല്‍ പോലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതവര്‍ പ്രായശ്ചിത്തമായി നല്‍കിയേക്കും. അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും.
وَبَدَا لَهُمۡ سَیِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ یَسۡتَهۡزِءُونَ ﴿٤٨﴾
അവര്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും.
فَإِذَا مَسَّ ٱلۡإِنسَـٰنَ ضُرࣱّ دَعَانَا ثُمَّ إِذَا خَوَّلۡنَـٰهُ نِعۡمَةࣰ مِّنَّا قَالَ إِنَّمَاۤ أُوتِیتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِیَ فِتۡنَةࣱ وَلَـٰكِنَّ أَكۡثَرَهُمۡ لَا یَعۡلَمُونَ ﴿٤٩﴾
എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; 'അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് തനിക്ക് അത് നല്‍കപ്പെട്ടിട്ടുള്ളത്' എന്ന്.(8) പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു.(9) എന്നാല്‍ അവരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.
قَدۡ قَالَهَا ٱلَّذِینَ مِن قَبۡلِهِمۡ فَمَاۤ أَغۡنَىٰ عَنۡهُم مَّا كَانُواْ یَكۡسِبُونَ ﴿٥٠﴾
ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ സമ്പാദിച്ചിരുന്നത് അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല.
فَأَصَابَهُمۡ سَیِّـَٔاتُ مَا كَسَبُواْۚ وَٱلَّذِینَ ظَلَمُواْ مِنۡ هَـٰۤؤُلَاۤءِ سَیُصِیبُهُمۡ سَیِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِینَ ﴿٥١﴾
അങ്ങനെ അവര്‍ സമ്പാദിച്ചിരുന്നതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് ബാധിച്ചു. ഇക്കൂട്ടരില്‍ നിന്ന് അക്രമം ചെയ്തിട്ടുള്ളവര്‍ക്കും തങ്ങള്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ ബാധിക്കാന്‍ പോകുകയാണ്. അവര്‍ക്ക് (നമ്മെ) തോല്‍പിച്ചു കളയാനാവില്ല.
أَوَلَمۡ یَعۡلَمُوۤاْ أَنَّ ٱللَّهَ یَبۡسُطُ ٱلرِّزۡقَ لِمَن یَشَاۤءُ وَیَقۡدِرُۚ إِنَّ فِی ذَ ٰلِكَ لَـَٔایَـٰتࣲ لِّقَوۡمࣲ یُؤۡمِنُونَ ﴿٥٢﴾
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
۞ قُلۡ یَـٰعِبَادِیَ ٱلَّذِینَ أَسۡرَفُواْ عَلَىٰۤ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ یَغۡفِرُ ٱلذُّنُوبَ جَمِیعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ ﴿٥٣﴾
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും.
وَأَنِیبُوۤاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن یَأۡتِیَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ ﴿٥٤﴾
നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.
وَٱتَّبِعُوۤاْ أَحۡسَنَ مَاۤ أُنزِلَ إِلَیۡكُم مِّن رَّبِّكُم مِّن قَبۡلِ أَن یَأۡتِیَكُمُ ٱلۡعَذَابُ بَغۡتَةࣰ وَأَنتُمۡ لَا تَشۡعُرُونَ ﴿٥٥﴾
നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക.
أَن تَقُولَ نَفۡسࣱ یَـٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِی جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِینَ ﴿٥٦﴾
എന്‍റെ കഷ്ടമേ, അല്ലാഹുവിന്‍റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്.
أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِی لَكُنتُ مِنَ ٱلۡمُتَّقِینَ ﴿٥٧﴾
അല്ലെങ്കില്‍ അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞാന്‍ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തില്‍ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാല്‍.
أَوۡ تَقُولَ حِینَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِی كَرَّةࣰ فَأَكُونَ مِنَ ٱلۡمُحۡسِنِینَ ﴿٥٨﴾
അല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുന്ന സന്ദര്‍ഭത്തില്‍ എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാല്‍.
بَلَىٰ قَدۡ جَاۤءَتۡكَ ءَایَـٰتِی فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَـٰفِرِینَ ﴿٥٩﴾
അതെ, തീര്‍ച്ചയായും എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോള്‍ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.(10)
وَیَوۡمَ ٱلۡقِیَـٰمَةِ تَرَى ٱلَّذِینَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَیۡسَ فِی جَهَنَّمَ مَثۡوࣰى لِّلۡمُتَكَبِّرِینَ ﴿٦٠﴾
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി നിനക്ക് കാണാം. നരകത്തിലല്ലയോ അഹങ്കാരികള്‍ക്കുള്ള വാസസ്ഥലം!
وَیُنَجِّی ٱللَّهُ ٱلَّذِینَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا یَمَسُّهُمُ ٱلسُّوۤءُ وَلَا هُمۡ یَحۡزَنُونَ ﴿٦١﴾
സൂക്ഷ്മത പുലര്‍ത്തിയവരെ രക്ഷപ്പെടുത്തി അവര്‍ക്കുള്ളതായ സുരക്ഷിതസ്ഥാനത്ത് അല്ലാഹു എത്തിക്കുകയും ചെയ്യും. ശിക്ഷ അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
ٱللَّهُ خَـٰلِقُ كُلِّ شَیۡءࣲۖ وَهُوَ عَلَىٰ كُلِّ شَیۡءࣲ وَكِیلࣱ ﴿٦٢﴾
അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു.
لَّهُۥ مَقَالِیدُ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۗ وَٱلَّذِینَ كَفَرُواْ بِـَٔایَـٰتِ ٱللَّهِ أُوْلَـٰۤىِٕكَ هُمُ ٱلۡخَـٰسِرُونَ ﴿٦٣﴾
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍.
قُلۡ أَفَغَیۡرَ ٱللَّهِ تَأۡمُرُوۤنِّیۤ أَعۡبُدُ أَیُّهَا ٱلۡجَـٰهِلُونَ ﴿٦٤﴾
(നബിയേ,) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്?
وَلَقَدۡ أُوحِیَ إِلَیۡكَ وَإِلَى ٱلَّذِینَ مِن قَبۡلِكَ لَىِٕنۡ أَشۡرَكۡتَ لَیَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَـٰسِرِینَ ﴿٦٥﴾
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِینَ ﴿٦٦﴾
അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِیعࣰا قَبۡضَتُهُۥ یَوۡمَ ٱلۡقِیَـٰمَةِ وَٱلسَّمَـٰوَ ٰتُ مَطۡوِیَّـٰتُۢ بِیَمِینِهِۦۚ سُبۡحَـٰنَهُۥ وَتَعَـٰلَىٰ عَمَّا یُشۡرِكُونَ ﴿٦٧﴾
അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.
وَنُفِخَ فِی ٱلصُّورِ فَصَعِقَ مَن فِی ٱلسَّمَـٰوَ ٰتِ وَمَن فِی ٱلۡأَرۡضِ إِلَّا مَن شَاۤءَ ٱللَّهُۖ ثُمَّ نُفِخَ فِیهِ أُخۡرَىٰ فَإِذَا هُمۡ قِیَامࣱ یَنظُرُونَ ﴿٦٨﴾
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു.
وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَـٰبُ وَجِاْیۤءَ بِٱلنَّبِیِّـۧنَ وَٱلشُّهَدَاۤءِ وَقُضِیَ بَیۡنَهُم بِٱلۡحَقِّ وَهُمۡ لَا یُظۡلَمُونَ ﴿٦٩﴾
ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭ കൊണ്ട് പ്രകാശിക്കുകയും ചെയ്യും.(11) (കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും(12) കൊണ്ടുവരപ്പെടുകയും അവർക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
وَوُفِّیَتۡ كُلُّ نَفۡسࣲ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا یَفۡعَلُونَ ﴿٧٠﴾
ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ.
وَسِیقَ ٱلَّذِینَ كَفَرُوۤاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰۤ إِذَا جَاۤءُوهَا فُتِحَتۡ أَبۡوَ ٰبُهَا وَقَالَ لَهُمۡ خَزَنَتُهَاۤ أَلَمۡ یَأۡتِكُمۡ رُسُلࣱ مِّنكُمۡ یَتۡلُونَ عَلَیۡكُمۡ ءَایَـٰتِ رَبِّكُمۡ وَیُنذِرُونَكُمۡ لِقَاۤءَ یَوۡمِكُمۡ هَـٰذَاۚ قَالُواْ بَلَىٰ وَلَـٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَـٰفِرِینَ ﴿٧١﴾
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കും: നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ? അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
قِیلَ ٱدۡخُلُوۤاْ أَبۡوَ ٰبَ جَهَنَّمَ خَـٰلِدِینَ فِیهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِینَ ﴿٧٢﴾
(അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!
وَسِیقَ ٱلَّذِینَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰۤ إِذَا جَاۤءُوهَا وَفُتِحَتۡ أَبۡوَ ٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَـٰمٌ عَلَیۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَـٰلِدِینَ ﴿٧٣﴾
തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അതിന്‍റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെടുകയും ചെയ്യും. അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.
وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِی صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَیۡثُ نَشَاۤءُۖ فَنِعۡمَ أَجۡرُ ٱلۡعَـٰمِلِینَ ﴿٧٤﴾
അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
وَتَرَى ٱلۡمَلَـٰۤىِٕكَةَ حَاۤفِّینَ مِنۡ حَوۡلِ ٱلۡعَرۡشِ یُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِیَ بَیۡنَهُم بِٱلۡحَقِّۚ وَقِیلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ ﴿٧٥﴾
മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് സിംഹാസനത്തിന്‍റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.